03:08pm 19 November 2026
NEWS
പ്രൊഫ. കെ. ടി. അഗസ്റ്റി എൻഡോവ്മെന്റ് പ്രഭാഷണവും പുരസ്കാരദാനവും
18/11/2026  05:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പ്രൊഫ. കെ. ടി. അഗസ്റ്റി എൻഡോവ്മെന്റ് പ്രഭാഷണവും പുരസ്കാരദാനവും
HIGHLIGHTS

പ്രൊഫസർ കെ ടി അഗസ്റ്റി എന്റോമെന്റ് പുരസ്‌കാരം ഡോ ലക്ഷ്മി കൃഷ്ണൻ എസ് ന് കൈമാറുന്നു

ജീവശാസ്ത്രം മുതൽ  ക്വാണ്ടം ഭൗതികശാസ്ത്രം വരെ - ശാസ്ത്രശാഖകളുടെ പരസ്പരബന്ധവും ഗവേഷണസാധ്യതകളും വിശദീകരിച്ച് പ്രൊഫ. പവൻ കെ. ധർ കേരള അക്കാദമി ഓഫ് സയൻസസും (കെ.എ.എസ്.) കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയും (കുഫോസ്) സംയുക്തമായി പ്രൊഫ. കെ. ടി. അഗസ്റ്റി എൻഡോവ്മെന്റ് പ്രഭാഷണവും പുരസ്കാരദാനവും സംഘടിപ്പിച്ചു. ശാസ്ത്രജ്ഞർ, അക്കാദമിക വിദഗ്ധർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്ത പരിപാടി കുഫോസ് വൈസ് ചാൻസലർ പ്രൊഫ. എ. ബിജു കുമാർ ഉദ്ഘാടനം ചെയ്തു.

കുസാറ്റിലെ സി.വി.ജെ. സെന്റർ ഫോർ സിന്തറ്റിക് ബയോളജി ആൻഡ് ബയോമാനുഫാക്ചറിങ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. പവൻ കെ. ധർ, മോളിക്യുലാർ ബയോളജി, ബയോകെമിസ്ട്രി, ബയോഫിസിക്സ്, ക്വാണ്ടം ബയോളജി, ക്വാണ്ടം ഫിസിക്സ് തുടങ്ങിയ വിവിധ ശാസ്ത്രശാഖകൾ തമ്മിലുള്ള പരസ്പരബന്ധത്തെപ്പറ്റിയും സങ്കീർണമായ ജൈവപ്രക്രിയകളെ മനസ്സിലാക്കുന്നതിൽ ഈ വിജ്ഞാനശാഖകൾ പരസ്പരം എങ്ങനെ പൂരകമാകുന്നുവെന്നും അവയുടെ സംയോജനത്തിലൂടെ തുറന്നുവരുന്ന പുതിയ ഗവേഷണസാധ്യതകളെക്കുറിച്ചും പ്രഭാഷണം നടത്തി. തുടർന്ന് കുഫോസ് വിദ്യാർഥികളുമായി സംവദിച്ച അദ്ദേഹം വിവിധ ശാസ്ത്രശാഖകളെക്കുറിച്ചും അവയുടെ ഗവേഷണ അവസരങ്ങളെക്കുറിച്ചുമുള്ള  വിദ്യാർഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.

സാക്സിൻ ലൈഫ് സയൻസസ്, മാഗ്ജീനോം, മെഡ്‌ജീനോം എന്നിവയുടെ സി.ഇ.ഒ. പ്രൊഫ. സി. എൻ. രാംചന്ദ് വിവിധ രോഗങ്ങൾക്കുള്ള ഔഷധതന്മാത്രകളുടെ വികസനത്തെക്കുറിച്ചും ഔഷധഗവേഷണത്തിലും വികസനത്തിലും ജൈവശാസ്ത്രത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. ഇന്ത്യയിൽ ലഭ്യമായ റെഗുലേറ്ററി ഘടകങ്ങളെക്കുറിച്ചും അവ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ബയോടെക്നോളജി വ്യവസായ മേഖലയിലെ തൊഴിൽ-സംരംഭകത്വ സാധ്യതകളും തന്റെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പുകളുടെ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.

തിരുവനന്തപുരത്തെ സി.എസ്.ഐ.ആർ. – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിലെ (എൻ.ഐ.ഐ.എസ്.ടി.) അഗ്രോപ്രോസസിങ് ടെക്നോളജി വിഭാഗം പ്രോജക്ട് അസോസിയേറ്റ് ഡോ. ലക്ഷ്മി കൃഷ്ണൻ എസ്-നാണ്  പ്രൊഫ. കെ. ടി. അഗസ്റ്റി എൻഡോവ്മെന്റ് പുരസ്കാരം ലഭിച്ചത്. പ്രമേഹത്തിനെതിരായ റെസ്വെറാട്രോൾ ഒളിഗോമറുകളുടെ സാധ്യതകളെക്കുറിച്ച് തന്മാത്രാതലത്തിൽ നടത്തിയ ഗവേഷണത്തിനാണ് പുരസ്കാരം ലഭിച്ചത്. 

കേരള അക്കാദമി ഓഫ് സയൻസസ് പ്രസിഡന്റ് പ്രൊഫ. ജി. എം. നായർ, ഡോ. നെവിൻ കെ. ജി., ഡോ. പ്രമോദ് ഗോപിനാഥ്, ഡോ. ദിനേശ് കെ, ഡോ. ശ്രീജിത്ത് പി. എന്നിവരും സംസാരിച്ചു.പ്രമുഖ ബയോകെമിസ്റ്റായിരുന്ന പ്രൊഫ. കെ. ടി. അഗസ്റ്റിയുടെ സ്മരണയും സംഭാവനകളും ആദരിക്കുന്നതിനൊപ്പം ശാസ്ത്രീയ സംവാദം, വിവിധ വിജ്ഞാനശാഖകൾ തമ്മിലുള്ള സഹകരണം, പുതിയ ഗവേഷണ മേഖലകളുടെ കണ്ടെത്തൽ, കുഫോസും കേരള അക്കാദമി ഓഫ് സയൻസസും തമ്മിലുള്ള അക്കാദമിക സഹകരണം ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് വേദിയൊരുക്കാനും പരിപാടിക്ക് കഴിഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img